2015, മേയ് 14, വ്യാഴാഴ്‌ച

ഇനി ഉണ്ടാവുമോ?

എല്ലാ അതിരുകളും,
എല്ലാ ആരാധനാലയങ്ങളും,
എല്ലാ ഗൃഹ കവാടങ്ങളും,
എല്ലാ വിദ്യാലയങ്ങളും,
എല്ലാ കളിസ്ഥലങ്ങളും,
എല്ലാര്‍ക്കും എന്നേയ്ക്കും
തുറന്നിടുന്നത് വിലക്കാത്ത
ഒരവതാരം,
ഒരു പ്രവാചകന്‍,
ഇനിയുണ്ടാവുമോ?



പദ് മനാഭന്‍ തിക്കോടി

2015, മേയ് 4, തിങ്കളാഴ്‌ച

നേപ്പാളില്‍ നിന്ന്

നേപ്പാളില്‍ നിന്ന് ഇന്ത്യന്‍ മാധ്യമങ്ങളോട് തിരികെ പോകാന്‍ അവടെയുള്ളവര്‍ പറയുന്നത് തികച്ചും ന്യായമാണ്. സ്വാഭാവികവും.. 
*
കുഞ്ഞുങ്ങളുടെ കൂട്ടമരണം ഒക്കെ നടന്നിട്ടുള്ള മരണ വീടുകളുണ്ടാകുമല്ലോ, സാധാരണ മനുഷ്യര്‍ക്ക് ഒന്നനങ്ങാന്‍ ഭയം തോന്നും, നമ്മുടെ ശ്വാസോച്ഛാസം പോലും ആ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ടവരെ അസ്വസ്ഥമാക്കുമോ എന്ന് ഉള്‍വിറയലുണ്ടാകും. അവിടെയൊക്കെ ഫോണില്‍ അലറിചിരിച്ച്, ഉറക്കെ സംസാരിച്ച്, മൃതദേഹങ്ങളുടെ അരികില്‍ വന്ന് ബന്ധുക്കളെ നോക്കി, ഇതിനുമപ്പുറം എന്തോ വരാനിരുന്നതാ എന്ന് പറഞ്ഞ്, അടുത്ത നിമിഷം വണ്ടി തിരിച്ചിടാത്തതിന് ഡ്രൈവറെ ഉറക്കെ ചീത്തവിളിച്ച്, കാര്‍ക്കിച്ച് തുപ്പി, അന്തസില്‍ നടന്നുപോകുന്ന ചില ലോകല്‍ കാലന്മാരുണ്ട്. അവരുടെ നിഴല്‍ വീണാല്‍ നമ്മുടെ പ്രകാശങ്ങള്‍ അസ്തമിക്കും. റ്റെംസ് നൗവിന്റെയും എ.ബി.പി ന്യൂസിന്റേയും ഒക്കെ റിപ്പോര്‍ട്ടര്‍മാര്‍ ഇവരെ ഓര്‍മ്മിപ്പിക്കും. നമ്മളും മോശമല്ല. അത്രയൊന്നും വരില്ലെങ്കിലും.
*
കേട്ട കാര്യങ്ങളില്‍ ചിലത്,
1. ലളിത് പൂരിലെ പാറ്റന്‍ സ്‌ക്വയറില്‍ നിന്ന് ഒരു മടിയില്ലാതെ ഇത് കാഠ്മണ്ഡുവിലെ ദര്‍ബാര്‍ സ്‌ക്വയര്‍ എന്ന് ലൈവായി വിളിച്ചു പറയുക, 
2. ഈ കൃഷ്ണക്ഷേത്രത്തിന്റെ ചുമരിലാണ് രാമായണ കഥ കൊത്തിവച്ചിരുന്നത് (രാമന്‍-രാമായണം, കൃഷ്ണന്‍-മഹാഭാരതം എന്നെങ്കിലും..) എന്ന് ആത്മവിശ്വാസത്തോടെ പറയുക.
3. എല്ലാ ദിവസവും ആര്‍മി ക്യാമ്പിലെത്തി ഏതെങ്കിലും ഹെലികോപ്റ്ററില്‍ കയറി അവര്‍ പോകുന്ന സ്ഥലത്ത് പോയി, ഒരുമണിക്കൂര്‍ അവിടെ ചെലവഴിച്ച് ഇതാണ് ഗ്രാമത്തിന്റെ അവസ്ഥ, ഇതാണ് സൈന്യം ചെയ്യുന്ന സഹായം എന്ന് ലോകത്തെ അറിയിക്കുക. 
4. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് സഹായപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരെ പൂര്‍ണ്ണമായും തടസപ്പെടുത്തി അവരുടെ വീട്, നാട്, ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ തുടങ്ങിയ വിവരങ്ങള്‍ തിരിക്കി സോഫ്റ്റ് സ്റ്റോറികള്‍ കണ്ടെത്തുക
5. കാഠ്മണ്ഡുവില്‍ മാത്രമാണ് നേപ്പാളെന്ന് സ്വയം ധരിക്കുകയും ലോകത്തോട് പറയുകയും ചെയ്യുക.
7. ആസ്പത്രികളില്‍ കെട്ടിക്കിടന്ന് അവിടെ വരുന്ന എല്ലാ ദുരിതബാധിതരേയും അവരുടെ അവസ്ഥയൊന്നും നോക്കാതെ അഭിമുഖം നടത്തുക
ലിസ്റ്റ് എത്രവേണമെങ്കിലും നീട്ടാം. ഹെഡ്‌ലൈന്‍സ് റ്റുഡേ ന്യൂഡ് മേധാവി രാജ്ദീപ് സര്‍ദേശായി 'ദുരിത സ്ഥലത്തുനിന്ന് എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞ്, ഒരോന്ന് പടച്ച് വിടരുത്' എന്ന് സൗമ്യമായ ഭാഷയില്‍ ട്വീറ്റ് ചെയതത് കണ്ടു. അദ്ദേഹം അടക്കമുള്ള മാധ്യമമുതലാളിമാര്‍ സൃഷ്ടിച്ചുവച്ച, വാര്‍പ്പ് മാതൃകയിലാണ് ഇന്ന് റ്റി.വി.ജേര്‍ണലിസ്റ്റുകളില്‍ മിക്കവരും പെരുമാറുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കുക, തങ്ങളാണ് വാര്‍ത്തകളുടെ അടിസ്ഥാനമെന്ന് പ്രഖ്യാപിക്കുക, അതുമാത്രമാണ് എന്ന് പറയുക, ആക്രമണം പോലെ ആവര്‍ത്തിക്കുക.
*
നേരത്തേ പറഞ്ഞ കാലന്മാരുണ്ടല്ലോ, അവരെ ചിലപ്പോ സഹികെട്ട നാട്ടുകാരില്‍ ചിലര്‍ ഒന്ന് കൈകാര്യം ചെയ്യും. അടിച്ച് ഫിറ്റായി ഒരു മൂലക്കലിരുന്ന് കരയുന്ന ഒരു ദുര്‍ബല ഹൃദയന്‍ ആടി ആടി വന്ന് തോളത്ത് കൈയ്യിട്ട്, വീടിന്റെ പുറത്തുകടന്ന് എന്ന് ഉറപ്പുവരുത്തികഴിഞ്ഞ് ചെവിയില്‍ നല്ല അസല് തെറിവിളിക്കും. അത് കേട്ട് വളിച്ച മുഖമായി ആ കാലന്മാര്‍ മരണ വീട്ടില്‍ നിന്ന് ഇറങ്ങി പോകും. നാളെ മറ്റൊരു മരണവീട്ടില്‍ ചെന്ന് ഇതാര്‍ത്തിക്കും.
**
ഒന്നു കൂടി: ഒരു ദുരന്ത സ്ഥലത്ത് ഒരാളെ കാണാതായതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നു കഴിഞ്ഞാല്‍, അയാള്‍/അവര്‍ മരിച്ചുവെന്ന് നമുക്ക് വാര്‍ത്ത ലഭിച്ചാല്‍ അത് റ്റി.വിയിലൂടെ എക്‌സ്‌ക്ലൂസീവ് ആയി പ്രഖ്യാപിക്കരുത്. അത് ക്രൂരതയാണ്. പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത ഏറ്റവുമടുപ്പമുള്ളവരില്‍ നിന്ന് കേള്‍ക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. ഏറ്റവും വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത ആ വേദന പങ്കുവയ്ക്കുന്നവര്‍ കൈമാറണമെന്നത് ലോകത്തെവിടെയുമുള്ള മര്യാദയാണ്. ചില സാഹചര്യങ്ങളില്‍ മനുഷ്യരാകുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍ നമ്മുടെ നിഴല്‍ വീഴുന്നിടം അസന്തുഷ്ടിയിടേയും അവിശ്വാസത്തിന്റേയും ഭൂമിയാകും. ഞാനടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ബാധകമാണിത്. സ്വയം വിമര്‍ശനം മാത്രം.


പദ് മനാഭന്‍ തിക്കോടി