2015, മാർച്ച് 29, ഞായറാഴ്‌ച

ഓ വി വിജയന്‍

തന്റെ വരയിലൂടെ ഈ ഇതിഹാസകാരന്‍ ഭരണ സംവിധാനങ്ങളെ വിറപ്പിച്ച പൊള്ളുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഖസാക്കിന്റെ ഇതിഹാസം എന്ന മഹത്തായ സൃഷ്ടിയിലൂടെ ഇദ്ദേഹം മലയാള നോവല്‍ സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ചു.
ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയന്‍ ഒട്ടേറെ സിദ്ധികളുമായാണ് ഭൂജാതനായത്‌. അന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍ ഈ സിദ്ധികളെയും ചിന്താധാരകളെയും വളര്‍ത്താനും പ്രയോഗിക്കാനും സാഹചര്യങ്ങള്‍ ഒരുക്കിയപ്പോള്‍ മലയാളത്തിനു ലഭിച്ചത് എക്കാലത്തെയും മികച്ച സാഹിത്യസൃഷ്ടികളും.
തനിയ്ക്ക് എഴുതാന്‍ മാത്രമേ അറിയൂ എന്ന് വിശ്വസിയ്ക്കാന്‍ ഇഷ്ടപ്പെട്ട വിജയന്‍ തന്റെ ആ അറിവ് താന്‍ വിശ്വസിയ്ക്കുന്ന നന്മകളിലേയ്ക്ക് തന്റെ വായനക്കാരെ ആകര്‍ഷിയ്ക്കാന്‍ ഉപയോഗപ്പെടുത്തി. 
ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിയ്ക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എന്ന ഒറ്റ കൃതികൊണ്ട് തന്നെ വിവാദ പുരുഷനുമായി. ഈ കൃതിയില്‍ തെളിഞ്ഞു കാണുന്ന 
തലച്ചോറും ഹൃദയവും സമ്മേളിയ്ക്കുന്ന കല തന്നെയാണ് വിജയനെ സമകാലീനരില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നത്. 
ഈ കൃതി മലയാള സാഹിത്യത്തില്‍ മലയാളനോവല്‍ ഖസാക്കിന് ശേഷവും മുമ്പും എന്ന ഒരു കാല വേര്‍തിരിവ് തന്നെ സൃഷ്ടിച്ചു- 
വിജയന്റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തതയും, ചെത്തി മിനുക്കിയെടുത്ത ഭാഷയും ഒക്കെ വിജയന്റെ കഥകളുടെ കരുത്തും വിസ്മയകരമായ വൈവിധ്യവുമാണ്. 
ഖസാക്കിലെ രവിയെ വിട്ടുപോകാന്‍ കഴിയാത്ത വിധം വിജയന്‍ സ്നേഹിച്ചു. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി: രവി എനിയ്ക്ക് പ്രിയപ്പെട്ടവനാണ്. കാരണം, നിയമശാഠ്യങ്ങളും  പ്രകടനപരമായ മൂല്യ നിഷ്ഠയും ധാര്‍മികമായ താന്‍ പ്രമാണിത്തവും ഇല്ലാത്ത പാവപ്പെട്ട ഒരു മനുഷ്യനാണ് രവി. നമ്മുടെ ഭള്ളുകള്‍ മാറ്റി വെച്ചാല്‍ നാമൊക്കെ രവിയെപ്പോലെ തന്നെ.
നമുക്കും മനസ്സില്‍ നിന്നും മാറ്റി നിര്‍ത്താനാവുന്നില്ല, രവിയെയും ഒപ്പം 
അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി എന്നിവരെയും.
'നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്ടിയുടെ നോവുകളില്ലാതെ .ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്‍റെ ചരിത്രമാണ് നമ്മുടെ സാഹിത്യം.ഇവിടെ മരത്തിന്‍റെ മാറ്റ് മനസ്സിലാകാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ.' എന്ന ആശങ്കപ്പെടല്‍ ഒ.വി.വിജയന് എന്നുമുണ്ടായിരുന്നു .
ഖസാക്കിന്റെ ഇതിഹാസം (1969),ധര്‍മ്മപുരാണം (1985),ഗുരുസാഗരം (1987),മധുരം ഗായതി (1990),പ്രവാചകന്റെ വഴി (1992),തലമുറകള്‍ (1997) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍ . വിജയന്റെ കഥകള്‍ (1978),ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979),കടല്‍ത്തീരത്ത് (1988),കാറ്റ് പറഞ്ഞ കഥ (1989),അശാന്തി (1985),ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993),കുറെ കഥാബീജങ്ങള്‍ (1995) എന്നിവയാണ് കഥാസമാഹാരങ്ങള്‍ . 
ഘോഷയാത്രയില്‍ തനിയെ (1988),വര്‍ഗ്ഗസമരം,സ്വത്വം (1988),കുറിപ്പുകള്‍ (1988),ഇതിഹാസത്തിന്റെ ഇതിഹാസം (1989) എന്നീ ലേഖനസമാഹാരങ്ങളും എന്റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989) എന്ന ആക്ഷേപഹാസ്യവും ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999) എന്ന കാര്‍ട്ടൂണും സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998) എന്ന ഓര്‍മ്മക്കുറിപ്പും ഇതിഹാസകാരന്റേതായിട്ടുണ്ട് .കൂടാതെ നിരവധി രചനകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. 
1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്‌കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ അനന്വയനാക്കുന്നു.
നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍( 1990- ഗുരുസാഗരം), വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ ഇവയില്‍ ചിലവ മാത്രം.  
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ജനനം. അച്ഛന്‍ വേലുക്കുട്ടി,അമ്മ കമലാക്ഷിയമ്മ. മലബാര്‍ സ്‌പെഷല്‍ പോലീസ് എന്ന എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്പി ക്വാട്ടേഴ്‌സില്‍ ആയിരുന്നു വിജയന്‍ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം സെക്കന്‍ഡ് ഫോറം മുതലേ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരിയക്കോട്ടുള്ള ഹയര്‍ എലിമെന്‍ററി സ്‌കൂളില്‍ പഠിച്ചു. സെക്കന്റ് ഫോറം കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു. തേര്‍ഡ്‌ഫോറം കൊടുവായൂര്‍ ബോര്‍ഡ് ഹൈസ്‌കൂളില്‍. ഫോര്‍ത്ത് ഫോറം മുതല്‍ സിക്‌സ്ത് ഫോറത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍. സിക്‌സ്ത് ഫോറത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോര്‍ളി ഹൈസ്‌കൂളില്‍. ഇന്‍റ്ര്‍മീഡിയറ്റും ബി.എയും പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയാ കോളജില്‍. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി . പ്രസിഡന്‍സി കോളജില്‍ നിന്ന് തന്നെ ഇംഗ്‌ളീഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അദ്ധ്യാപകനായി- കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പില്‍ക്കാലത്ത്‌  വിജയന്‍ അനുസ്മരിക്കുന്നുണ്ട്. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചു). മാതൃഭൂമി, ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്. 
2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ ഓര്‍മ്മയായി.

പദ് മനാഭന്‍ തിക്കോടി



2015, മാർച്ച് 17, ചൊവ്വാഴ്ച

സ്ത്രീ ഒരു ആയുധമാണോ?


കേരള നിയമസഭയില്‍ ബജറ്റ് അവതരണ സമ്മേളനത്തില്‍ ഉണ്ടായ ചില അപമാനകരമായ സംഭവങ്ങളെ തുടര്‍ന്ന് ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലുമായി പ്രചരിപ്പിച്ച രണ്ടു ചിത്രങ്ങള്‍ കാണൂ..

 സ്ത്രീ ദുർബലയാണെന്നും പുരുഷൻ തരം കിട്ടിയാൽ അവന്റെ ഭോഗാസക്തി പുറത്തെടുക്കുന്നവനാണെന്നുമുള്ള പൊതുധാരണയുള്ളതുകൊണ്ട് ഈ ചിത്രങ്ങള്‍  വളരെ പെട്ടെന്ന് സ്വീകരിയ്ക്കപ്പെടുംപുരുഷ പീഡനത്തിന്റെ നവീന മാതൃകകളായി ഇവ പ്രചരിപ്പിയ്ക്കുന്നവര്‍ പ്രതീക്ഷിയ്ക്കുന്ന നേട്ടം രണ്ടുവിധത്തിലാണ്.
ഒന്ന്, ഇത്തരം ഉത്തേജന വാർത്തകളിൽമാത്രം താത്പര്യമുള്ളവരെ ഈ വിഷയത്തിൽ സജീവമാക്കി, അതിന് ഫേസ് ബുക്ക്‌ പോലുള്ള നവമാധ്യമങ്ങളെടെ തന്ത്രപരമായി ഉപയോഗപ്പെടുത്തുക.
രണ്ട്, നിയമസഭയിൽ ഇന്നലെ വരുത്തിയ നാശനഷ്ടങ്ങൾക്കൊക്കെയും ന്യായീകരണങ്ങള്‍ കണ്ടെത്തുക. (മറ്റൊന്നു കൂടി വേണമെങ്കില്‍ വായിച്ചെടുക്കാം.. മാണിയിൽ നിന്നും പതിയെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് ഒഴുക്കിവിടുക.) 
ഒരു ചിത്രത്തിൽ കൈകൾകൊണ്ട് വഴി മുടക്കി നില്ക്കുന്ന ഷിബു ബേബി ജോണിലേക്ക് നെഞ്ഞൂക്കുകൊണ്ട് ഇടിച്ചു കയറുന്ന ബിജി മോളെയാണ് നമുക്ക് കാണാനാവുന്നത്. സമര മുഖത്ത് പൊതുവേ ലിംഗ വ്യത്യാസമൊന്നും ആർക്കും തോന്നാറില്ല എന്നതുകൊണ്ട്‌ തന്നെ ഇതൊക്കെ പതിവാണ്. അപ്പോൾ പാർട്ടി ഏല്‍പ്പിച്ച ദൌത്യം, മുന്നോട്ടു വെച്ച ലക്‌ഷ്യം.. അത് മാത്രമാണ് അവരുടെ മനസ്സിൽ ഉണ്ടാവുക. എന്നാൽ അതിൽ നിന്നും ഒരു ഭാഗം വെട്ടിയെടുത്ത് അതിനെ സ്ത്രീ പീഡനത്തിലേക്ക് എത്തിക്കുന്നതിലെ യുക്തി എന്താണ്? മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തോന്നിയിട്ടാണോ  ഒരു ബലത്തിന് ഇതും കൂടി ഇരിക്കട്ടെ എന്ന മട്ടിൽ..?
ഇനി ഈ ചിത്രം എങ്ങിനെയാണ് പുരുഷ പീഡനം മാത്രമാകുന്നത്? ബിജി മോൾക്ക്‌ പിന്നോട്ടേക്ക് പിൻവാങ്ങാൽ ഇടം ഉണ്ടെന്നിരിക്കെ അത് ചെയ്യാഞ്ഞതെന്താണ്. ഈ സമ്മർദ്ദത്തിന്റെ ഒരു സുഖം അവരും അനുഭവിച്ചു എന്നൊരു നിഗമനത്തിലേക്ക് വാദത്തിന് വേണ്ടിയെങ്കിലും ആരെങ്കിലും എത്തിയാല്‍? അങ്ങിനെ ആലോചിക്കുമ്പോൾ മാത്രം നമുക്ക് അശ്ലീലം തോന്നുകയും അതൊരു സ്ത്രീവിരുദ്ധ ചിന്തയാണെന്ന് ആരോ പിക്കപ്പെടുകയും ചെയ്യുന്നത് എങ്ങിനെയാണ്? ഭോഗത്തിന് ഇരു പക്ഷ കാഴ്ചപ്പാടുകൾ ഇല്ലേ? എന്ത് കൊണ്ടാണ് പുരുഷപക്ഷ കാഴ്ച കൾ മാത്രം നമ്മുടെ സമൂഹം കൊണ്ടാടുന്നത്?
അടുത്ത ചിത്രം വേണമെങ്കില്‍  അടിതെറ്റിപ്പോയ നായർ ഒരു താങ്ങിന് ജമീലയെ പിടിച്ചു എന്നൊന്നു വായിച്ചെടുത്തു നോക്കൂ. സമരമുഖത്താണെങ്കിലും സഹപ്രവർത്തകരായ അവര്‍ക്ക് വീണു പോകുന്ന ഒരാളെ താങ്ങേണ്ടുന്ന സംസ്കാരം കാണിക്കേണ്ടതുണ്ട്. അതല്ലേ മാനവികത എന്നൊക്കെ പറയുന്ന സാധനം? ഇങ്ങനെയൊന്നുമല്ലാതെ മാന്യമായി മാണിയെ പ്രതിരോധിക്കാൻ അന്ന് കഴിയുമായിരുന്നില്ലേ? അന്നുണ്ടായ നഷ്ടങ്ങൾക്കുള്ള വക എവിടെ നിന്നും വകയിരുത്തണം എന്ന് ഇവരാരെങ്കിലും ആലോചിച്ചിരുന്നോ? 
 നിയമ സഭയിലെ സ്ഥാവര ജംഗമങ്ങളിലെ ഓരോ ആണിയിലും നമ്മുടെയൊക്കെ വിയർപ്പുകൂടി ഉണ്ട്.
ദൃശ്യങ്ങളിലൂടെ സത്യം എല്ലാവർക്കും അറിയാമെങ്കിലും ആ നടക്കാത്ത പീഡനത്തെ മനസ്സിലിട്ടമ്മാനമാടി രതിമൂർച്ഛയിൽ എത്തുന്നുണ്ട് നമ്മുടെ ആണ്‍പക്ഷ സമൂഹം. ഇതിന്റെ സാധ്യതകളെയാണ് സമരാനുകൂലികൾ അതിവിദഗ്ധമായി വിളവെടുപ്പ് നടത്തുന്നത്. ഈ വിളവെടുപ്പ്, സമരത്തിന് ഒരു വിധത്തിലും ഗുണം ചെയ്യില്ല. പകരം വിഷയത്തെ അല്പ്പം കൂടി സജീവമാക്കി നിർത്തും എന്ന് മാത്രം.പിന്നെ സ്വാഭാവിക മയക്കത്തിലേക്ക് അവർ പിൻവാങ്ങുകയും ചെയ്യും.
ഈ ആരോപിക്കപ്പെട്ട അപമര്യാദകൾക്കു നേരെ ഇവർ നിയമപരമായി അന്ന്പരാതി കൊടുത്തിട്ടില്ല. സ്ത്രീത്വം അപമാനിക്കപ്പെട്ടു എന്ന് പറയുന്നവർ ആദ്യം അതല്ലേ ചെയ്യേണ്ടത്? സ്വന്തം മാനത്തിനുനേരെ എന്തെങ്കിലും കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അക്രമികൾ ശിക്ഷിക്കപ്പെടേണ്ടതല്ലേ? 
അല്ലാത്ത പക്ഷം സമരത്തിന് വീര്യം പകരാൻ പെണ്‍ശരീരങ്ങളെ യും അതിന്റെ അതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുത്തി എന്ന് വിശ്വസിക്കേണ്ടി വരും. ഇടതുപക്ഷം പോലുള്ള ഒരു രാഷ്ട്രീയത്തി ൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് ഇത്തരം ഇക്കിളി മധുരങ്ങളല്ല. ഓർമ്മകൾ ഉണ്ടായിരിക്കണം നമുക്ക് വേണ്ടി കൊല്ലപെട്ടവരുടെ തൊണ്ടയിൽ കു രുങ്ങിയ അവസാനത്തെ മുദ്രാവാക്യവും.
ഇനി വേറെ മൂന്ന് സ്ത്രീകളോട് ഒരു ചോദ്യം.
ഉമ്മൻ ചാണ്ടി, മാണി, പി. സി ജോർജ് ഇത്യാദികളുടെ ഭാര്യമാരോട്.
ദൈവ വിശ്വാസികളാണ് എന്നാണല്ലോ വെപ്പ്. ഈ പുരുഷ കേസരികൾ ശരിയാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ വീട്ടിലേക്ക്‌ തിരിച്ചു വിളിച്ചൂടെ? എന്തിന് മൂന്ന് കോടി ജനങ്ങളുടെയും ശാപം സന്തതി പരമ്പരകളിലേക്കും വാങ്ങിക്കൂട്ടണം. ഇനി കർത്താവും നിങ്ങൾക്കൊപ്പം കൂടിയോ?
------------
പദ് മനാഭന്‍ തിക്കോടി


ഗോവധം

ഗോമാംസ നിരോധനവുമായി ബന്ധപ്പെട്ട് ചിലർ മനുസ്മൃതിയിലെയും മറ്റും ശ്ലോകങ്ങളെ വളച്ചൊടിച്ച് ഗോമാസം ഹിന്ദുമതം പ്രോത്സാഹിപ്പിക്കുന്നതായി തെറ്റായി വരുത്തി തീർക്കാൻ ശ്രമിക്കുന്നു..ഏതാണ് ആ ശ്ലോകം ?
മനുസ്മൃതി അദ്ധ്യായം 5 ശ്ലോകം 30 പറയുന്നത് ഇപ്രകാരമാണ്..
''ന അത്താ ദുഷ്യതതന്ന് ആദ്യാന്
പ്രാണിനോ ഹന്യ അഹന്യ അപി
ധാത്രാ ഏവ സൃഷ്ടാ ഹ്യാധ്യാശ്ച
പ്രാണിനോ അത്താര് ഏവച''
വേട്ടക്കാരൻ അവൻെറ ഇരയെ വേട്ടയാടി ഭുജിക്കുന്നതിൽ പാപം ഇല്ല..
ഇവിടെ വേട്ടക്കാരനെയും ഇരയെയും സൃഷ്ടിച്ചത് സ്രഷ്ടാവായ ഈശ്വരനാണ്..ഇതാണ് അതിൻെറ അർഥം
ഓരോ ജന്തുവിനും ഓരോരോ ഇരയെ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്..
ജീവശാസ്ത്രത്തിൽ കുട്ടിക്കാലത്ത് കുട്ടികൾ പഠിച്ചിട്ടുള്ള ജൈവ ചക്രമാണ് ഇവിടെ വ്യംഗ്യമായി പരാമർശിച്ചിരിക്കുന്നത്..
പുല്ല് പുൽച്ചാടി തിന്നുന്നു പുൽച്ചാടിയെ തവള തിന്നുന്നു തവളയെ പാമ്പ് വിഴുങ്ങുന്നു പാമ്പിനെ ഗരുഢൻ ഭുജിക്കുന്നു..ഗരൂഢനെ വീണ്ടും മണ്ണ് എടുക്കുന്നു പുല്ലിനത് വളമായി തീരുന്നു..ഇതാണ് ജൈവ ചക്രം..
ഇവിടെ ഇരയോ വേട്ടക്കാരനോ പാപം ചെയ്യുന്നില്ല..കാരണം ഇത് പ്രകൃതി തന്നെയുണ്ടാക്കിയ നിയമമാണ്..മനുഷ്യനും ഇതുപോലെ ജൈവ ചക്രത്തിൽ വരുന്ന ജന്തുവാണ്..ഒരു ഇരുകാലി മൃഗം..അവന് മാംസഭുക്കിൻെറതായ യാതൊരു സവിശേഷതയും ഇല്ല...ദംഷ്ട്രകളില്ല,കൂർത്ത നഖങ്ങളും ബലിഷ്ഠമായ കൈകളും ഇല്ല..ചോര കണ്ടാൽ ഭയന്ന് കണ്ണു പൊത്തുന്ന പ്രകൃതമാണ് ഒരു സാധാരണ മനുഷ്യ ജീവിയുടെത്..കുരങ്ങിനെ പോലെ തന്നെ ജൈവ ചക്രത്തിൽ ഒരു സസ്യഭുക്കാണ് മനുഷ്യൻ.. എന്നാൽ ഇവിടെ വിമർശിക്കാനായി മാത്രം ജനിച്ച ചിലർ പറയുന്നത്..ഇരയെന്നാൽ മാംസം എന്നാണ്..യഥാർഥത്തിൽ ഇരയെന്നാൽ ഭക്ഷണം എന്നാണർഥം..അതിനെ മാംസം എന്ന് മനപ്പൂർവ്വം അർഥം നൽകിയത് വിമർശിക്കാൻ വേണ്ടി മാത്രമാണ്..അതു പോലെ വേട്ടക്കാരൻ എന്നതിന് മനുഷ്യനെന്ന തെറ്റായ അർഥവും ഇവിടെ നൽകി.. മാനിനെ വേട്ടയാടുന്ന വേട്ടക്കാരനാണ് സിംഹം..
അവിടെ സിംഹം വേട്ടക്കാരനും മാൻ അതിൻെറ ഇരയും(ഭക്ഷണം) ആണ്..അല്ലാതെ മാനെന്നു പറഞ്ഞാൽ മാംസം എന്നാരെങ്കിലും പറയുമോ..പുൽച്ചാടിയുടെ ഇരയാണ് പുല്ല് എന്നു കരുതി പുല്ലിനെ മാംസം എന്നു പറയുമോ..
അപ്പോൾ ഇര എന്ന പദത്തിന് എന്തിനാണ് ഇവർ മാംസം എന്ന ദുരർഥം നൽകുന്നത്?..

സ്വാമി വിവേകാനന്ദനെ ബന്ധപ്പെടുത്തിയാണ് അടുത്ത വിമർശനം..
''പൗരാണിക കാലങ്ങളിൽ പശു ഇറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല.'' - സ്വാമി വിവേകാനന്ദൻ(സന്പൂർണ കൃതികൾ- പുറം 536).
'' വേദ കാലത്ത് ഗോ മാംസം ഭക്ഷിക്കാത്ത ബ്രാഹ്മണനെ, ബ്രാഹ്മണനായി കണക്കാക്കില്ലായിരുന്നു.'' - (അതേ പുസ്തകം, പുറം 174).
ഇതാണ് ആ ആരോപണം..
ഇനി നമുക്ക് ശ്രീ സ്വാമി വിവേകാനന്ദൻെറ കൃതികളെ പരിശോധിക്കാം..
അദ്ദേഹത്തിൻെറ കൈപ്പടയിലെഴുതിയ പുസ്തകങ്ങൾ ഇവയാണ്
സംഗീത കൽപതാരു -1887
കർമ്മയോഗ-1896
രാജയോഗ-1896
വേദാന്ത തത്വശാസ്ത്രം-1897
കൊളംബോ മുതൽ അൽമോരവരെയുള്ള പ്രഭാഷണങ്ങൾ-1897
വർത്തമാന ഭാരതം -1899
എൻെറ ഗുരുവിൻെറ ഉദ്ബോധനങ്ങൾ-1899
വേദാന്ത തത്വശാസ്ത്രം -1902
ഇവയാണ് അദ്ദേഹം സ്വന്തം കൈപ്പടയിലെഴുതിയത്..
ഇവിടങ്ങളിൽ എവിടെയെങ്കിലുമോ,അല്ലെങ്കിൽ ഏതെങ്കിലും വേദികളിൽ പ്രഭാഷണ സമയത്തോ സ്വാമി വിവേകാനന്ദൻ ഇപ്രകാരം പറഞ്ഞതായി ഒരു തെളിവും ഇല്ല..എന്നാൽ അദ്ദേഹത്തിൻെറ മരണശേഷം അദ്ദേഹത്തിൻെറ വിദേശീയരും സ്വദേശീയരുമായ അനുയായികൾ തയ്യാറാക്കിയ അദ്ദേഹത്തിൻെറ തെരഞ്ഞെടുത്ത കൃതികളിൽ പറഞ്ഞിരിക്കുന്നത്..പലരും ആരോപണങ്ങളായി ഉന്നയിക്കുന്നു എന്നാൽ ഹിന്ദുമതത്തെ പറ്റി പുകഴ്ത്തി ലോക മതമഹാ സമ്മേളനത്തിൽ പ്രസംഗിച്ച് ഊറ്റം കൊണ്ട ഒരു മഹാ പണ്ഡിതൻ സ്വധർമ്മത്തെ ഇത്തരത്തിൽ വിമർശനചുവയോടെ പരാമർശിക്കുമെന്നത് യുക്തിക്ക് നിരക്കാത്തതാണ്..
ലോകത്ത് പല കോണുകളിലും പ്രഭാഷണം നടത്തിയിട്ടുള്ള അദ്ദേഹം പല വേദികളിലും സദസ്യരുടെ സംശയങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്..അവയെ പത്രക്കാരുടെ ഷോർട്ട് കോഡ് ഭാഷയിൽപകർത്തി എഴുതുന്നവരും അദ്ദേഹത്തിൻെറ അനുയായികളായുണ്ടായിരുന്നു..ഇവയെയെല്ലാം ചേർത്ത് ക്രമീകരിച്ച പുസ്തകമാണ് മുകളിൽ പറഞ്ഞത്..എല്ലാം കൂടിക്കലർന്ന് വൈരുദ്ധ്യങ്ങൾ ഒട്ടനവധിയുള്ള പുസ്തകമാണത്..ശ്രോതാക്കളുടെ ചോദ്യമേത് വിവേകാനന്ദൻ നൽകിയ ഉത്തരമെന്ത് എന്നൊന്നും വ്യക്തമായി ചികയാതെ അദ്ദേഹത്തിൻെറ മരണശേഷം അനുയായികൾ തട്ടിക്കൂട്ടിയ പത്തോളം വാല്യങ്ങളുള്ള പുസ്തകമാണ്
സമ്പൂർണ്ണ കൃതികൾ.. കൃസ്തു മരണമടഞ്ഞ് ആയിരത്തി നാന്നൂറു വർഷങ്ങൾക്കുശേഷം കൃസ്ത്യാനിയും ബൈബിൾ പണ്ഡിതനും ചിത്രകാരനുമായ ലിയണാഡോ ഡാവിഞ്ചി ''അന്ത്യ അത്താഴം ''എന്ന തൻെറ ചിത്രത്തിൽ മഗ്ദലന മറിയത്തെ യേശുവിൻെറ ഭാര്യയായി ആരുമറിയാതെ വരച്ചു ചേർത്ത് അതിനു അറുന്നൂറു കൊല്ലംഇപ്പുറം ഒരു എഴുത്തുകാരൻ മഗ്ദലനമറിയം യേശുവിൻെറ ഭാര്യ എന്ന് തൻെറ ഡാവിഞ്ചി കോഡ് എന്ന കൃതിയിൽ പരാമർശിച്ചപ്പോൾ അതിനെ എതിർത്ത മതേതരൻമാരും കമ്മയൂണിസ്റ്റ് കാരും
സ്വാമി വിവേകാനന്ദൻ ഒരിക്കലും സ്വന്തം കൈപ്പടയിലെഴുതിയ പുസ്തകങ്ങളിൽ പറയാത്ത കാര്യങ്ങളെ ചികഞ്ഞെടുത്ത് ഹിന്ദുവിനെ വിമർശിക്കുന്നത്തിനു പിന്നിലെ ചേതോവികാരം എന്താണ്..?? 
ഇന്ദ്രനെയും അഗ്നിയെയും പരാമർശിക്കുന്ന ഋഗ്വേദ സൂക്തങ്ങളെയും വളച്ചൊടിച്ച് അഗ്നിയും ഇന്ദ്രനും മാംസഭുക്കുകളെന്ന് സ്ഥാപിക്കുന്നു ഇവരിൽ ചിലർ..അഗ്നി ഭുജിക്കുന്നു എന്നാൽ എല്ലാത്തിനെയും കൊടും താപത്താൽ ദഹിപ്പിക്കുന്നു എന്നാണ്അർഥമാക്കുന്നത്..അല്ലാതെ അഗ്നി മാംസഭക്ഷണം പാത്രത്തിൽ എടുത്ത് പല്ലു കൊണ്ട് ചവച്ചരച്ചു ഭുജിക്കുന്നതല്ല..

ഒരു പഴയ കഥ

രാമകൃഷ്ണന്റെ അടുത്ത് ഒരു മനുഷ്യന്‍ വന്നു. അദ്ദേഹം ഒരു പഴയ സന്ന്യാസി ആയിരുന്നു. രാമകൃഷ്ണനെക്കാള്‍ പ്രായക്കൂടുതലുള്ള ആ സന്ന്യാസി ഗംഗാനദിയുടെ തീരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തു വന്ന് പറഞ്ഞു: 'നിങ്ങളെ ജനങ്ങള്‍ പൂജിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. വാസ്തവത്തില്‍ നിങ്ങളുടെ ജീവനില്‍ ആധ്യാത്മികമായ എന്തെങ്കിലും ഉണ്ടെങ്കില്‍ എന്റെ കൂടെ വരൂ, എന്നിട്ട് എന്നോടൊപ്പം ഗംഗാനദിയുടെ മുകളിലൂടെ നടന്നുകാണിക്കൂ.'

രാമകൃഷ്ണന്‍ പറഞ്ഞു: 'നടന്നുവന്നതല്ലേ, ക്ഷീണം കാണും, അല്പം വിശ്രമിക്കൂ. അതിനുശേഷം നമുക്കു നടക്കാം. ഇപ്പോള്‍ എങ്ങും പോകേണ്ടതായ ആവശ്യവുമില്ല. അതുവരെ നമുക്ക് അല്പം പരിചയപ്പെടാം. ഇപ്പോള്‍ നാം പരസ്​പരം അറിയുകപോലുമില്ല. വെള്ളത്തിനു മുകളിലൂടെ നടക്കുന്നതിനു വേണ്ടി എത്ര നാളുകള്‍വരെ നിങ്ങള്‍ക്കു പഠിക്കേണ്ടതായിവന്നു?'

ആ മനുഷ്യന്‍ പറഞ്ഞു: 'പതിനെട്ടു വര്‍ഷം.' രാമകൃഷ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഞാന്‍ വെള്ളത്തിനു മുകളിലൂടെ നടന്നിട്ടില്ല. കാരണം, രണ്ടു പൈസകൊണ്ട് എനിക്ക് ഗംഗയ്ക്ക് അപ്പുറം എത്തിച്ചേരാന്‍ കഴിയും. രണ്ടു പൈസകൊണ്ട് നടക്കാവുന്ന കാര്യം, പതിനെട്ടു വര്‍ഷങ്ങള്‍വരെ പഠിക്കുകയെന്ന കാര്യം വിഡ്ഢിത്തത്തിന്റെ ലക്ഷണമാകുന്നു, അത് ആധ്യാത്മികമല്ല. വെള്ളത്തിനു മുകളിലൂടെ നടക്കുന്നുവെന്നതില്‍ അസാധ്യമായ എന്ത് കാര്യമാണുള്ളത്? ഇതില്‍നിന്ന് ജീവനെക്കുറിച്ചുള്ള എന്തു രഹസ്യമാണ് നിങ്ങള്‍ക്കു ലഭിച്ചത്?'

ഇന്നും നമുക്ക് ചുറ്റും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ചെറു സൂചി കൊണ്ട് എടുത്തു മാറ്റാന്‍ കഴിയുന്നവയെ വലിയ തോട്ടി ഉപയോഗിച്ച് മാറ്റാന്‍ ശ്രമിയ്ക്കുന്നു. സ്നേഹം കൊണ്ട് കീഴ്പ്പെടുത്തേണ്ടവയെ വെറുപ്പ്‌ കൊണ്ടും പേശിബലം കൊണ്ടും അടിച്ചമര്‍ത്തുന്നു. സൌമ്യ സ്വരങ്ങളിലൂടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അട്ടഹാസങ്ങളിലൂടെ തന്‍റെ വാദങ്ങള്‍ പ്രമാണങ്ങളാക്കിഎടുക്കുന്നു. 

നാം എങ്ങോട്ടാണ്?

പദ്മനാഭന്‍ തിക്കോടി