2015, മാർച്ച് 17, ചൊവ്വാഴ്ച

സ്ത്രീ ഒരു ആയുധമാണോ?


കേരള നിയമസഭയില്‍ ബജറ്റ് അവതരണ സമ്മേളനത്തില്‍ ഉണ്ടായ ചില അപമാനകരമായ സംഭവങ്ങളെ തുടര്‍ന്ന് ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലുമായി പ്രചരിപ്പിച്ച രണ്ടു ചിത്രങ്ങള്‍ കാണൂ..

 സ്ത്രീ ദുർബലയാണെന്നും പുരുഷൻ തരം കിട്ടിയാൽ അവന്റെ ഭോഗാസക്തി പുറത്തെടുക്കുന്നവനാണെന്നുമുള്ള പൊതുധാരണയുള്ളതുകൊണ്ട് ഈ ചിത്രങ്ങള്‍  വളരെ പെട്ടെന്ന് സ്വീകരിയ്ക്കപ്പെടുംപുരുഷ പീഡനത്തിന്റെ നവീന മാതൃകകളായി ഇവ പ്രചരിപ്പിയ്ക്കുന്നവര്‍ പ്രതീക്ഷിയ്ക്കുന്ന നേട്ടം രണ്ടുവിധത്തിലാണ്.
ഒന്ന്, ഇത്തരം ഉത്തേജന വാർത്തകളിൽമാത്രം താത്പര്യമുള്ളവരെ ഈ വിഷയത്തിൽ സജീവമാക്കി, അതിന് ഫേസ് ബുക്ക്‌ പോലുള്ള നവമാധ്യമങ്ങളെടെ തന്ത്രപരമായി ഉപയോഗപ്പെടുത്തുക.
രണ്ട്, നിയമസഭയിൽ ഇന്നലെ വരുത്തിയ നാശനഷ്ടങ്ങൾക്കൊക്കെയും ന്യായീകരണങ്ങള്‍ കണ്ടെത്തുക. (മറ്റൊന്നു കൂടി വേണമെങ്കില്‍ വായിച്ചെടുക്കാം.. മാണിയിൽ നിന്നും പതിയെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് ഒഴുക്കിവിടുക.) 
ഒരു ചിത്രത്തിൽ കൈകൾകൊണ്ട് വഴി മുടക്കി നില്ക്കുന്ന ഷിബു ബേബി ജോണിലേക്ക് നെഞ്ഞൂക്കുകൊണ്ട് ഇടിച്ചു കയറുന്ന ബിജി മോളെയാണ് നമുക്ക് കാണാനാവുന്നത്. സമര മുഖത്ത് പൊതുവേ ലിംഗ വ്യത്യാസമൊന്നും ആർക്കും തോന്നാറില്ല എന്നതുകൊണ്ട്‌ തന്നെ ഇതൊക്കെ പതിവാണ്. അപ്പോൾ പാർട്ടി ഏല്‍പ്പിച്ച ദൌത്യം, മുന്നോട്ടു വെച്ച ലക്‌ഷ്യം.. അത് മാത്രമാണ് അവരുടെ മനസ്സിൽ ഉണ്ടാവുക. എന്നാൽ അതിൽ നിന്നും ഒരു ഭാഗം വെട്ടിയെടുത്ത് അതിനെ സ്ത്രീ പീഡനത്തിലേക്ക് എത്തിക്കുന്നതിലെ യുക്തി എന്താണ്? മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തോന്നിയിട്ടാണോ  ഒരു ബലത്തിന് ഇതും കൂടി ഇരിക്കട്ടെ എന്ന മട്ടിൽ..?
ഇനി ഈ ചിത്രം എങ്ങിനെയാണ് പുരുഷ പീഡനം മാത്രമാകുന്നത്? ബിജി മോൾക്ക്‌ പിന്നോട്ടേക്ക് പിൻവാങ്ങാൽ ഇടം ഉണ്ടെന്നിരിക്കെ അത് ചെയ്യാഞ്ഞതെന്താണ്. ഈ സമ്മർദ്ദത്തിന്റെ ഒരു സുഖം അവരും അനുഭവിച്ചു എന്നൊരു നിഗമനത്തിലേക്ക് വാദത്തിന് വേണ്ടിയെങ്കിലും ആരെങ്കിലും എത്തിയാല്‍? അങ്ങിനെ ആലോചിക്കുമ്പോൾ മാത്രം നമുക്ക് അശ്ലീലം തോന്നുകയും അതൊരു സ്ത്രീവിരുദ്ധ ചിന്തയാണെന്ന് ആരോ പിക്കപ്പെടുകയും ചെയ്യുന്നത് എങ്ങിനെയാണ്? ഭോഗത്തിന് ഇരു പക്ഷ കാഴ്ചപ്പാടുകൾ ഇല്ലേ? എന്ത് കൊണ്ടാണ് പുരുഷപക്ഷ കാഴ്ച കൾ മാത്രം നമ്മുടെ സമൂഹം കൊണ്ടാടുന്നത്?
അടുത്ത ചിത്രം വേണമെങ്കില്‍  അടിതെറ്റിപ്പോയ നായർ ഒരു താങ്ങിന് ജമീലയെ പിടിച്ചു എന്നൊന്നു വായിച്ചെടുത്തു നോക്കൂ. സമരമുഖത്താണെങ്കിലും സഹപ്രവർത്തകരായ അവര്‍ക്ക് വീണു പോകുന്ന ഒരാളെ താങ്ങേണ്ടുന്ന സംസ്കാരം കാണിക്കേണ്ടതുണ്ട്. അതല്ലേ മാനവികത എന്നൊക്കെ പറയുന്ന സാധനം? ഇങ്ങനെയൊന്നുമല്ലാതെ മാന്യമായി മാണിയെ പ്രതിരോധിക്കാൻ അന്ന് കഴിയുമായിരുന്നില്ലേ? അന്നുണ്ടായ നഷ്ടങ്ങൾക്കുള്ള വക എവിടെ നിന്നും വകയിരുത്തണം എന്ന് ഇവരാരെങ്കിലും ആലോചിച്ചിരുന്നോ? 
 നിയമ സഭയിലെ സ്ഥാവര ജംഗമങ്ങളിലെ ഓരോ ആണിയിലും നമ്മുടെയൊക്കെ വിയർപ്പുകൂടി ഉണ്ട്.
ദൃശ്യങ്ങളിലൂടെ സത്യം എല്ലാവർക്കും അറിയാമെങ്കിലും ആ നടക്കാത്ത പീഡനത്തെ മനസ്സിലിട്ടമ്മാനമാടി രതിമൂർച്ഛയിൽ എത്തുന്നുണ്ട് നമ്മുടെ ആണ്‍പക്ഷ സമൂഹം. ഇതിന്റെ സാധ്യതകളെയാണ് സമരാനുകൂലികൾ അതിവിദഗ്ധമായി വിളവെടുപ്പ് നടത്തുന്നത്. ഈ വിളവെടുപ്പ്, സമരത്തിന് ഒരു വിധത്തിലും ഗുണം ചെയ്യില്ല. പകരം വിഷയത്തെ അല്പ്പം കൂടി സജീവമാക്കി നിർത്തും എന്ന് മാത്രം.പിന്നെ സ്വാഭാവിക മയക്കത്തിലേക്ക് അവർ പിൻവാങ്ങുകയും ചെയ്യും.
ഈ ആരോപിക്കപ്പെട്ട അപമര്യാദകൾക്കു നേരെ ഇവർ നിയമപരമായി അന്ന്പരാതി കൊടുത്തിട്ടില്ല. സ്ത്രീത്വം അപമാനിക്കപ്പെട്ടു എന്ന് പറയുന്നവർ ആദ്യം അതല്ലേ ചെയ്യേണ്ടത്? സ്വന്തം മാനത്തിനുനേരെ എന്തെങ്കിലും കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അക്രമികൾ ശിക്ഷിക്കപ്പെടേണ്ടതല്ലേ? 
അല്ലാത്ത പക്ഷം സമരത്തിന് വീര്യം പകരാൻ പെണ്‍ശരീരങ്ങളെ യും അതിന്റെ അതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുത്തി എന്ന് വിശ്വസിക്കേണ്ടി വരും. ഇടതുപക്ഷം പോലുള്ള ഒരു രാഷ്ട്രീയത്തി ൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് ഇത്തരം ഇക്കിളി മധുരങ്ങളല്ല. ഓർമ്മകൾ ഉണ്ടായിരിക്കണം നമുക്ക് വേണ്ടി കൊല്ലപെട്ടവരുടെ തൊണ്ടയിൽ കു രുങ്ങിയ അവസാനത്തെ മുദ്രാവാക്യവും.
ഇനി വേറെ മൂന്ന് സ്ത്രീകളോട് ഒരു ചോദ്യം.
ഉമ്മൻ ചാണ്ടി, മാണി, പി. സി ജോർജ് ഇത്യാദികളുടെ ഭാര്യമാരോട്.
ദൈവ വിശ്വാസികളാണ് എന്നാണല്ലോ വെപ്പ്. ഈ പുരുഷ കേസരികൾ ശരിയാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ വീട്ടിലേക്ക്‌ തിരിച്ചു വിളിച്ചൂടെ? എന്തിന് മൂന്ന് കോടി ജനങ്ങളുടെയും ശാപം സന്തതി പരമ്പരകളിലേക്കും വാങ്ങിക്കൂട്ടണം. ഇനി കർത്താവും നിങ്ങൾക്കൊപ്പം കൂടിയോ?
------------
പദ് മനാഭന്‍ തിക്കോടി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ